കാലാവസ്ഥാവ്യതിയാനം; പക്ഷികളുടെ എണ്ണം കുറയുന്നതായി പഠനറിപ്പോര്‍ട്ട്
ലോകമെമ്പാടും പക്ഷികളുടെ എണ്ണം കുറയുന്നതായി പഠനറിപ്പോര്‍ട്ട്. കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒന്നിലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള ഈ പഠനം. ആനുവല്‍ റിവ്യൂ ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസോഴ്സ് ജേണലാണ് പ്രസിദ്ധീകരിച്ചത്.
പ്രകൃതിദത്തമായ ആവാസവ്യവസ്ഥകളുടെ നഷ്ടവും തകര്‍ച്ചയും പല ജീവജാലങ്ങളുടെ നേരിട്ടുള്ള അമിത ചൂഷണവും പക്ഷികളുടെ ജൈവവൈവിധ്യത്തിന് പ്രധാന ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പക്ഷികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 48% പക്ഷി ഇനങ്ങളിലും എണ്ണം കുറയുന്നതായി പഠനം പറയുന്നു. 39% സ്പീഷീസുകള്‍ക്ക് ജനസംഖ്യ സ്ഥിരമാണ്. 6% മാത്രമാണ് വര്‍ദ്ധിച്ചുവരുന്ന എണ്ണത്തെ കാണിക്കുന്ന പ്രവണതയിലുള്ളത്. അതേസമയം 7% ത്തിന്റെ നിലവിലെ സ്ഥിതി അജ്ഞാതമാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ 'റെഡ് ലിസ്റ്റില്‍' നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പക്ഷികളുടെ ജൈവവൈവിധ്യ
ത്തിലെ മാറ്റങ്ങള്‍ പഠന രചയിതാക്കള്‍ അവലോകനം ചെയ്തു. പക്ഷികള്‍ പാരിസ്ഥിതിക ആരോഗ്യത്തിന്റെ വളരെ ദൃശ്യവും സെന്‍സിറ്റീവായതുമായ സൂചകങ്ങളായതിനാല്‍, അവയുടെ നഷ്ടം ജൈവവൈവിധ്യത്തിന്റെ വിപുലമായ നഷ്ടത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഭീഷണിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷി സംരക്ഷണ ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കിലും പരിവര്‍ത്തനപരമായ മാറ്റം ആവശ്യമാണെന്നും പഠന രചയിതാക്കള്‍ പറയുന്നു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി, കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജി, ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍, ജൊഹാനസ്ബര്‍ഗ് യൂണിവേഴ്സിറ്റി, പൊന്തിഫിക്കല്‍ സേവിയന്‍ യൂണിവേഴ്സിറ്റി, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.